Friday, March 7, 2014

വഴിവിട്ടചെലവുകള്‍ വിനയായി മാറും

""പതിനാലു ലക്ഷം രൂപ ചെലവു പ്രതീക്ഷിച്ചു. ഇപ്പോള്‍ തന്നെ പതിനാറായി. പണി ഇനിയും ബാക്കിയുണ്ട്"". പുതുതായി നിര്‍മ്മിക്കുന്ന വീടു കാണാനെത്തിയ സുഹത്തുക്കളോട് പത്മജയുടെ നിരാശ നിറഞ്ഞ വാക്കുകള്‍.

 
 
""ഈ ചെറിയ വീടിന് ഇത്രയൊക്കെ ചെലവായോ ?"" കൂട്ടുകാരികളിലൊരുവളായ വനജയ്ക്കു സംശയം. സമാനമായ ഒരു വീട് വനജ രണ്ടുകൊല്ലം മുമ്പ് വാങ്ങിയത് 18 ലക്ഷം രൂപയ്ക്കാണ്. അത് സ്ഥലത്തിന്റെ വിലയുള്‍പ്പെടെ.
നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയാണ്. മണല്‍ കിട്ടാനില്ല. സിമന്റ് വില ഓരോ ദിവസം ഓരോ നിലവാരത്തില്‍. കയറ്റിറക്കു കൂലി തോന്നിയപോലെ. ജോലിക്കാരെ കിട്ടാനില്ല. വീടു കെട്ടുമ്പോള്‍ പ്രശ്‌നം പലതാണ്. കരാര്‍ കൊടുത്താല്‍ ഇതൊന്നും കാര്യമായി അന്വേഷിക്കേണ്ടതില്ല. എന്നാല്‍ ഗുണനിലവാരം ഉറപ്പുവരുത്താനുമാവില്ല.
സ്വന്തമായി വീടുപണിയാനൊരുങ്ങുമ്പോള് ആദ്യമെ വ്യക്തമായ ഒരു പ്ലാന്‍ തയ്യാറാക്കുകയും അതില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയും ചെയ്താല്‍ അനാവശ്യചെലവുകള്‍ ഒഴിവാക്കാം. അസ്ഥിവാരം മുതല്‍ ടൈല്‍സ് പതിക്കല്‍ വരെയുളള കാര്യങ്ങള്‍ നിങ്ങളുടെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
അനാവശ്യ ചെലവുകള്‍ കൂടുതലായും വന്നുചേരുന്നത് നിര്‍മ്മാണത്തിനിടെ മുന്‍വിധികളില്‍ മാറ്റം വരുത്തുമ്പോഴാണ്. ആഡംബരത്തിനു പ്രാധാന്യം നല്‍കുന്നതിനെക്കാള്‍ ആവശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ വീട്ടില്‍ സ്ഥിരമായി താമസിക്കേണ്ടവരുടെയെല്ലാം അഭിപ്രായങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുത്തിരിക്കണം. ഇതിനെല്ലാം നിര്‍മ്മാണ രംഗത്തു പരിചയമുളള ഒരാളുടെ സഹായം തേടുന്നത് നല്ലതാണ്.


പുറം കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നതിന് വാരിക്കോരി ചെലവഴിക്കുന്നവരാണ് അധികവും. എന്നാല്‍ അകത്തെ സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് അവിടത്തെ താമസം കൂടുതല്‍ സുഖകരമാക്കാനാവും.
നിര്‍മ്മാണവേളയില്‍ സാധാരണയായി നാം അറിയാതെ ഉണ്ടാവുന്ന നഷ്ടങ്ങള്‍ ഏറെയാണ്. ചെലവിന്റെ പകുതിയിലേറെയും നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുന്നതിനാണ്. കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് ഇല്ലാത്തതിനാല്‍ ജോലി തടസ്സപ്പെടാനിടവരാതെ നോക്കണം. അതിന് ഇവ വാങ്ങുന്നതിനു മുമ്പായി വ്യക്തമായ ഒരു ധാരണ ഉണ്ടാക്കുകയാണ് വേണ്ടത്. അടുത്തകാലത്ത് വീട് നിര്‍മ്മിച്ച സുഹൃത്തിന്റേയും കോണ്‍ട്രാക്ടറുടേയും നിങ്ങള്‍ക്ക് പരിചയമുള്ള എഞ്ചിനിയറിന്റേയും സഹായം തേടാവുന്നതാണ്.
ചെലവില്‍ നല്ലൊരു ശതമാനം സിമന്റിനുവേണ്ടിയാണ്. അശ്രദ്ധമായും അനാവശ്യമായും ഉപയോഗിക്കുന്നതുവഴി 8-10 ശതമാനം സിമന്റ് അധികമായി ചെലവഴിക്കപ്പെടുന്നുണ്ട്. കൃത്യമായി കണക്കുകൂട്ടിയും വ്യക്തമായ ധാരണയോടും കൈകാര്യം ചെയ്താല്‍ ഇതൊഴിവാക്കാം.
അടുക്കള, ബെഡ്‌റൂം, വര്‍ക്ക് ഏരിയ എന്നിവിടങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടുത്തെ ചെരിവ് കൃത്യമാക്കുന്നതിന്റെ ഭാഗമായി സിമന്റും മറ്റു നിര്‍മ്മാണ സാമഗ്രികളും കൂടുതലായി ഉപയോഗിക്കാന്‍ സാധ്യതകളേറെയാണ്. നിര്‍മ്മാണത്തിന്റെ ഒരുഘട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം ഇവിടുത്തെ ലവല്‍ ശരിയാവാത്തതുമൂലം തറ ഇളക്കിയോ ഇളക്കാതെയോ വീണ്ടും പണിയേണ്ടിവരുന്നത് പണിക്കൂലിയും സിമന്റും മറ്റും വെയ്സ്റ്റാകുന്നതിന് കാരണമാകും.
ഓവുകളും ചാലുകളും കൃത്യമായ അളവിലായില്ലെങ്കില്‍ അത് അധികചെലവുണ്ടാക്കുന്ന ഒന്നായിമാറും. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച തുകയുടെ 30 മു തല്‍ 40 വരെ ശതമാനം അധികരിക്കുന്നത് സാധാരണയായി മാറിയിട്ടുണ്ട്.
ബാത്ത്‌റൂമിലും മറ്റും ഉപയോഗിക്കുന്ന ടൈല്‍സുകളുടെ കാര്യത്തിലും ക്ലോസറ്റ്, പൈപ്പുകള്‍ എന്നിവയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം. ക്ലോസെറ്റിലും പൈപ്പിലും മറ്റുമുണ്ടാകുന്ന ലീക്കേജ്, പാവുന്ന ടൈല്‍സുകളുടെ ഗുണനിലവാരക്കുറവ് എന്നിവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും അധികചെലവിന് വഴിവെക്കുന്നതുമാവും. പൈപ്പുകള്‍ വയ്ക്കുന്നതിന് ഉണ്ടാക്കുന്ന ചാലുകള്‍ കൃത്യമാണെങ്കില്‍ സിമന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കാനാവും. പണിക്കൂലിയിലും ലാഭിക്കാന്‍ ഇത് വഴിയൊരുക്കും.
ചുമരുകള്‍ പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ അതീവശ്രദ്ധ ആവശ്യമായിവരുന്നുണ്ട്. സിമന്റ് കൂട്ട് കൃത്യമായില്ലെങ്കില്‍ ചുമരുകളില്‍ വിള്ളല്‍ ഏര്‍പ്പെടുന്നത് സാധാരണമാണ്. പ്ലാസ്റ്ററിങ്ങിന് കളിമണ്ണും സില്‍ട്ടും മറ്റുമില്ലാത്ത നല്ല മണല്‍ തന്നെ ഉപയോഗിക്കണം.
കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ നല്ല നിലവാരവും സൈസുമുള്ള മെറ്റല്‍ ഉപയോഗിക്കുകവഴി ലീക്കേജ് ഒഴിവാക്കാനാവും. ഇവിടെയും സിമന്റിന്റെ ഉപയോഗം അധികമാകാതിരിക്കാന്‍ ഇത് സഹായകമാവും. വാതിലുകള്‍ക്കും ചുമരിനും ഇടയില്‍ വലിയ വിടവുണ്ടാകാതെ ശ്രദ്ധിക്കണം.
നിലം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കൃത്യമായി അവിടം നികത്തിയിട്ടുണ്ടോ എന്നും നികത്തിയ സ്ഥലത്തിന് എത്രത്തോളം ഉറപ്പുണ്ടെന്നും പരിശോധിക്കുക. ഷെയ്പ്പില്ലാത്ത ടൈല്‍സുകള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, കടപ്പ എന്നിവ വിലകുറഞ്ഞു കിട്ടുന്നു എന്നതിനാല്‍ മാത്രം വാങ്ങാതിരിക്കല്‍, മികച്ച കമ്പനികളുടെ നല്ല പെയിന്റ് ഉപയോഗിക്കല്‍, പെയിന്റില്‍ സ്വന്തം ഇഷ്ടപ്രകാരം പെയിന്റര്‍ മിക്‌സിങ്ങ് നടത്താതിരിക്കല്‍ തുടങ്ങിയവയിലും പ്രത്യേകം ശ്രദ്ധിക്കണം.
വയറിങ്ങ് ഉല്‍പ്പന്നങ്ങള്‍, ബാത്ത്‌റൂം മെറ്റീരിയല്‍സ്, പൈപ്പുകളും അനുബന്ധ ഫിറ്റിങ്ങുകളുമെല്ലാം സൗന്ദര്യത്തിനുമാത്രം മുന്‍തൂക്കം നല്‍കാതെ ഗുണമേന്മയ്ക്കും പ്രാധാന്യം നല്‍കിവാങ്ങിയിരിക്കണം. ഇത്തരത്തില്‍ ഓരോ കാര്യത്തിലും ശ്രദ്ധവച്ചാല്‍ മാത്രമെ നിങ്ങളുടെ സ്വപ്നവീട്ടില്‍ തുടര്‍ന്നും സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാനാവൂ എന്നതാണ് കാര്യം.  Source http://livevartha.com

0 comments:

Post a Comment